പശുവിന് പുല്ലരിയാൻ പോയപ്പോൾ കണ്ടു, പാഞ്ഞടുത്ത് തേറ്റ കൊണ്ട് കുത്തി മലർത്തി.. 54 കാരനെ ആക്രമിച്ചത്…‌

കാട്ടുപന്നിയുടെ ആക്രമണത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബാലുശ്ശേരി ഉണ്ണികുളം നെരോത്ത് കൊന്നക്കൽ ഭാഗത്ത് പണ്ടാരപ്പറമ്പിൽ പി.പി മോഹനനാണ് (54) ശരീരമാസകലം പരിക്കേറ്റത്. ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാൻ പോയതായിരുന്നു മോഹനൻ. അപ്രതീക്ഷിതമായി പഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെരോത്ത് കൊന്നക്കൽ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മുൻപും നിരവധി പേർക്ക് പരിക്കേറ്റതായും വ്യാപക കൃഷിനാശമുണ്ടായതായും നാട്ടുകാർ പറയുന്നു.

മൂന്നു വർഷം മുൻപ് മങ്ങാട് കൊന്നക്കൽ ഹനീഫയെ(45) കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. കർഷകനായ ഹനീഫ അടുത്തുള്ള വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് പരിക്ക് ഭേദമായത്. ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാടുമൂടിക്കിടക്കുന്ന മേഖലകളിൽ പന്നികൾ പെറ്റുപെരുകിയതിനാൽ പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പ്രദേശവാസികൾ ഭയപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ചികിത്സാ ചെലവുപോലും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

Related Articles

Back to top button