ആലപ്പുഴ;  ചെട്ടികുളങ്ങര ഉപനിഷത് – ഗീതാ സത്രത്തിന് നാളെ കൊടിയേറും

മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷൻറെ നേതൃത്വത്തിൽ നടക്കുന്ന ഉപനിഷത് – ഗീതാ മഹാസത്രത്തിനും ഭദ്രകാളി അഷ്ടോത്തരശതനാമ ദശലക്ഷാർച്ചനയ്ക്കും നാളെ തുടക്കമാകും. മഹാസത്രത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. 18ന് സത്രം സമാപിക്കും.
യജ്ഞവേദിയിലേക്കുള്ള ഗ്രന്ഥം, ദീപം, ധ്വജം, വിഗ്രഹം എന്നിവ വഹിച്ചുകൊണ്ട് ഭാരതത്തിലെ വിവിധ ആധ്യാത്മിക കേന്ദ്രങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ നാളെ തട്ടാരമ്പലത്തിൽ എത്തിച്ചേർന്ന് നാലു മണിയോടെ മഹാ ഘോഷയാത്രയായി ചെട്ടികുളങ്ങരയിലേക്ക് നീങ്ങും. 50 കലാകാരൻമാരുടെ പഞ്ചവാദ്യവും കുത്തിയോട്ടപ്പാട്ടും ചുവടും ഘോഷയാത്രയ്ക്ക് അകമ്പടിയേകും. വൈകീട്ട് 6ന് സാംസ്കാരിക വകപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയും. സ്വാഗത സംഘം ചെയർമാൻ ബി.ഹരികൃഷ്ണൻ അധ്യക്ഷനാകും. രാത്രി 9 മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥിൻറെ അമൃത തരംഗിണി ഭജൻസ് നടക്കും.

സത്രവേദിയിൽ പുലർച്ചെ 5 മുതൽ ദശലക്ഷാർച്ചന, 10 മുതൽ ഭഗവത് ഗീതാ പ്രഭാഷണം, വൈകീട്ട് 6.30ന് പ്രമുഖ സാംസ്കാരിക നായകൻമാർ പങ്കെടുക്കുന്ന വിജ്ഞാന സദസ്, രാത്രി 8.30 മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന വിനോദ സദസ് എന്നിവ നടക്കും. 14ന് കലശാഭിഷേകത്തോടെ ദശലക്ഷാർച്ചനയും ഗീതാ പ്രഭാഷണവും സമാപിക്കും. 15ന് രാവിലെ 7.30 മുതൽ തൈത്തിരീയോപനിഷത് പാരായണം നടക്കും.18ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന അവഭൃഥസ്നാന ഘോഷയാത്രയോടെ സത്രം സമാപിക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ദേവസ്വം ബോർഡ് മെമ്പർ പി.ഡി.സന്തോഷ് കുമാർ മുഖ്യാതിഥിയായിരിക്കും. എല്ലാ ദിവസവും 11ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അന്നദാനവും നടക്കും. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ഡോ.ഇ.എൻ. ഈശ്വരൻ നമ്പൂതിരി യജ്ഞാചാര്യൻ മാരുമായിരിക്കും.

Related Articles

Back to top button