ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ ഊബർ കാർ ഇടിച്ച് അപകടം; ബൈക്ക് യാത്രികന്..

കൊച്ചിയിൽ അമിത വേഗത്തിലെത്തിയ ഊബർ കാർ ബൈക്കിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രിനായ കളമശ്ശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. സാജുവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന ബന്ധുവിന് പരിക്കേറ്റു. ആശിഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം. ആലുവ പത്തടിപ്പാലത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സാജുവും ആശിഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഊബർ കാർ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഊബർ ഓടിച്ച ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് നേരെ മനഃപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. നവാസ് ഓടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിനടിയിൽപെട്ട ബൈക്കുമായി മുന്നോട്ട് നിരങ്ങിനീങ്ങിയ വാഹനം റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി. ഇതോടെ ബൈക്ക് രണ്ട് കാറുകൾക്കും അടിയിൽ അകപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടുനൽകി.




