അടിമുടി നിയമവിരുദ്ധം; ഏഴു നിലക്ക് മാത്രം ലഭിച്ച അനുമതി ഉപയോഗിച്ച് പണിതത് 10 നില കെട്ടിടം; പൊളിച്ചു നീക്കൽ ആരംഭിച്ച് കണ്ണൂർ കോർപറേഷൻ

ഒന്നിലേറെ ചട്ടങ്ങൾ ലംഘിച്ച് നഗരമധ്യത്തിൽ അനധികൃതമായി നിർമ്മിച്ച ബഹുനില കെട്ടിടം പൊളിച്ച് നീക്കാൻ ആരംഭിച്ച് കണ്ണൂർ കോർപറേഷൻ അധികൃതർ. കാൽടെക്‌സിലെ 10 നില കെട്ടിടമാണ് നിയമലംഘനത്തി​ന്റെ പേരിൽ പൊളിച്ചു നീക്കുന്നത്. നിയമലംഘനത്തിന്റെ പേരിൽ കണ്ണൂർ നഗരത്തിൽ പൊളിച്ച് നീക്കുന്ന ആദ്യത്തെ കെട്ടിടം കൂടിയാണിത്.

കോർപ്പറേഷനിൽ നൽകിയ പ്ലാനിന് വിരുദ്ധമായി ഒന്നിലേറെ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് കളക്ട്രേറ്റിന് തൊട്ടു മുന്നിൽ ബഹുനില കെട്ടിടം പൊങ്ങിയത്. ഏഴു നിലക്ക് മാത്രം ലഭിച്ച അനുമതി ഉപയോഗിച്ച് 10 നില കെട്ടിമാണ് നഗരഹൃദയത്തിൽ ഉയർന്നത്.

ഒരു കാര്യത്തിൽ മാത്രം ഒതുങ്ങിയില്ല ചട്ടലംഘനം. ആവശ്യമായ പാർക്കിങ്ങോ, സ്ഥലസൗകര്യമോ ഒന്നും പരിഗണിക്കാതെ അടിമുടി നിയമവിരുദ്ധമായാണ് കെട്ടിടം കെട്ടിപൊക്കിയത്. 10 നില പൂർത്തിയായി 10 വർഷം കഴിയുന്ന ഘട്ടത്തിലാണ് നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടം പൊളിച്ചു നീക്കാൻ കോർപ്പറേഷൻ അന്ത്യശാസനം നൽകിയത്.

കാൽടെക്‌സിലെ തിരക്കേറിയ സ്ഥലത്ത് പാതി വഴിയിൽ നിന്നിരുന്ന കെട്ടിടം ഒരാഴ്ച മുൻപാണ് പൊളിച്ചു തുടങ്ങിയത്. ആധുനിക സംവിധാനങ്ങൾ കെട്ടിടത്തിന് ക്രെയിൻ ഉപയോഗിച്ച് എത്തിച്ചാണ് പൊളിക്കൽ. ജനങ്ങളുടെയും സമീപത്തെ കെട്ടിടങ്ങളുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് വളരെ ജാഗ്രതയോടെ കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളായാണ് പൊളിച്ചു നീക്കുന്നത്. നിയമലംഘനങ്ങൾ പരിഹരിച്ച് കെട്ടിടം നിലനിർത്താൻ നടത്തിയ പരിശ്രമങ്ങൾ എല്ലാം മറികടന്നാണ് കോർപ്പറേഷൻ തീരുമാനമെടുത്തത്.

Related Articles

Back to top button