പ്ലാവ് മുറിക്കുന്നതിനിടെ അപകടം; മെഷീനുമായി 35 അടി താഴ്ചയിൽ പാറയുള്ള കിണറ്റിൽ വീണ യുവാവിനെ..

മരം മുറിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ഒഴുകൂർ വാറച്ചാൽ സ്വദേശി അബ്ദുനാസർ (മുജീബ്) ആണ് 35 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. പോത്തുവെട്ടിപ്പാറയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാവ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കിണറിന് സമീപമുള്ള പ്ലാവ് മുറിക്കുന്നതിനിടെ നിയന്ത്രണം തെറ്റി അബ്ദുനാസർ താഴേക്ക് വീഴുകയായിരുന്നു. മരം മുറിക്കാൻ ഉപയോഗിച്ചിരുന്ന മെഷീൻ കൈയ്യിലിരിക്കെയാണ് ഇദ്ദേഹം കിണറ്റിലേക്ക് പതിച്ചത്. കിണറിന്റെ അടിഭാഗം പാറ നിറഞ്ഞതായതിനാൽ വീഴ്ചയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുധീഷ് കിണറ്റിലിറങ്ങി അബ്ദുനാസറിനെ സുരക്ഷിതമായി പുറത്തെടുത്തു. സീനിയർ ഓഫീസർമാരായ എം. പ്രദീപ് കുമാർ, കെ. മുഹമ്മദ് കുട്ടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മനോജ് മുണ്ടേക്കാടൻ, അനൂപ് ശ്രീധരൻ, കെ. അബ്ദുൽ ജബാർ, അക്ഷയ് രാജീവ്, ശ്യാം സതീഷ് എന്നീ ഓഫീസർമാരും ഹോംഗാർഡുമാരായ ബൈജു, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിക്കേറ്റ അബ്ദുനാസറിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




