‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ’; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ വിമർശനങ്ങൾക്ക് മറുപടി നൽകവേ, താൻ എടുത്തത് സ്വന്തം നിലപാടാണെന്നും അത് ശരിയാണെന്ന് വിശ്വസിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. “ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ” എന്ന പരാമർശത്തോടെയാണ് അദ്ദേഹം തൻ്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്.
ബിനോയ് വിശ്വം ഒരുപക്ഷേ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, അത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടാണ്. എന്നാൽ താൻ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. മുൻപ് വിശദീകരിച്ച പ്രത്യേക സാഹചര്യത്തിലാണ് വെള്ളാപ്പള്ളിക്ക് തൻ്റെ വാഹനത്തിൽ ഇടം നൽകിയത്. അതിൽ തെറ്റില്ലെന്നാണ് ഇപ്പോഴും കരുതുന്നത്. എൽഡിഎഫിലെ കരുത്തുറ്റ പങ്കാളിയാണ് സിപിഐ. സിപിഐഎമ്മുമായി ഊഷ്മളമായ ബന്ധമാണ് അവർക്കുള്ളത്. ചതിയെന്നോ വഞ്ചനയെന്നോ ഉള്ള ആക്ഷേപങ്ങൾ സിപിഐയുമായി ബന്ധപ്പെടുത്തി തനിക്ക് തോന്നിയിട്ടില്ല.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും ഒരേ കാറിൽ എത്തിയതിനെ ബിനോയ് വിശ്വം പരസ്യമായി വിമർശിച്ചിരുന്നു. “വെള്ളാപ്പള്ളിയെ കണ്ടാൽ ചിരിക്കും, കൈകൊടുക്കും, പക്ഷേ കാറിൽ കയറ്റില്ല” എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ വാക്കുകൾ.
കൂടാതെ, പത്തുവർഷം കൂടെനിന്ന് ലാഭമുണ്ടാക്കിയ ശേഷം സിപിഐ ഇപ്പോൾ കാലുമാറുകയാണെന്നും അവരിൽ ‘ചതിയൻ ചന്തുമാർ’ ഉണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾ പുകയുന്നതിനിടയിലാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തിന് പരോക്ഷ മറുപടിയും സിപിഐക്ക് പിന്തുണയും നൽകിയത്.



