തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും വാക്ക്; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും വാക്കായപ്പോള്‍ പുഴയ്ക്ക് കുറുകെ കടക്കാനുള്ള പാലം നാട്ടുകാര്‍ തന്നെ നിര്‍മ്മിക്കുകയാണ്. മാനന്തവാടിക്കടുത്ത എടവക, തവിഞ്ഞാല്‍ പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവയെ ബന്ധിപ്പിക്കുന്ന വെള്ളരിക്കടവിലെ തൂക്കുപാലം 2019 ലെ പ്രളയത്തില്‍ തകര്‍ന്നതിന് ശേഷം ഇവിടെ ഒരു സ്ഥിരം പാലം ഒരുക്കാന്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 2006-ല്‍ ഒരപ്പില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന തൂക്കുപാലം വെള്ളരിക്കടവിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു അന്ന് തൂക്കുപാലം ഒരുക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞ് മടുത്ത ജനങ്ങള്‍ ഒരുമിച്ച് നിന്നാണ് താല്‍ക്കാലിക പാലം സജ്ജമാക്കുന്നത്. 150 അടി നീളവും പത്ത് അടി ഉയരവുമുള്ള പാലത്തിനായി വെള്ളത്തില്‍ കമുക് തൂണുകള്‍ സ്ഥാപിക്കുന്ന അതീവ ദുഷ്‌കരമായ പ്രവൃത്തിയാണ് നടന്നു വരുന്നത്. എടവക കാക്കഞ്ചേരിയില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന പാലത്തിന്റെ എല്ലാ ഭാഗങ്ങളും മുളയും പാഴ്ത്തടികളും ഉപയോഗിച്ചുള്ളതാണ്. എടവക പഞ്ചായത്തിലെ അമ്പതിലേറെ കുടുംബങ്ങള്‍ക്കായിരിക്കും താല്‍ക്കാലിക പാലം ഉപകാരപ്പെടുക. 

നൂറ് മീറ്റര്‍ മാത്രം ദൂരം പിന്നിട്ട് പുഴക്ക് അക്കരെ കടന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ജോലിക്കു പോകാനും മറ്റും പൊതു ഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്താമെന്നതാണ് പാലം വരുമ്പോഴുണ്ടാകുന്ന പ്രധാന മാറ്റം. പാലമില്ലാത്ത സമയങ്ങളില്‍ നാല് കിലോമീറ്ററിലധികം ചുറ്റി വേണം പ്രധാന റോഡിലെത്താന്‍. ഇതേ പുഴ കടന്നുപോകുന്ന മീന്‍മുട്ടി മുതല്‍ കൂടല്‍ക്കടവ് വരെയുള്ള 24 കിലോമീറ്റര്‍ ദൂരത്തില്‍ 23 പാലങ്ങള്‍ ഉണ്ടെങ്കിലും വെള്ളരിക്കടവ് ഉള്‍പ്പെടുന്ന പ്രദേശത്ത് പുഴയില്‍ പത്ത് കിലോമീറ്ററില്‍ ഏറെ ദൂരത്തില്‍ പോലും സ്ഥിരം പാലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ തന്നെ മഴക്കാലങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അതി സാഹസികമായാണ് പുഴ കടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച പാലത്തിന്റെ പ്രവൃത്തി വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Related Articles

Back to top button