ഫെബ്രുവരി ഒന്നുമുതൽ പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില കൂടും; വിജ്ഞാപനം പുറത്തിറക്കി

ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അടുത്ത മാസം മുതൽ വില കൂടും. ഫെബ്രുവരി ഒന്ന് മുതലാകും പുതിയ വില നിലവിൽ വരിക. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ജിഎസ്ടി കോംപൻസേഷൻ സെസിന് പകരം പുതിയ എക്സൈസ് ഡ്യൂട്ടിയും പ്രത്യേക സെസും ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഇപ്പോൾ ഈടാക്കുന്ന കോംപൻസേഷൻ സെസ് ഫെബ്രുവരി ഒന്നോടെ നിർത്തലാക്കും. അതിനുപകരമായി പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഏർപ്പെടുത്തും. പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് ഡ്യൂട്ടിയും നൽകേണ്ടതായി വരും.
പാൻ മസാല, സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40ശതമാനം ജിഎസ്ടിയും ബീഡികൾക്ക് 18ശതമാനം ജിഎസ്ടി നിരക്കായിരിക്കും ഈടാക്കുക. ച്യൂയിംഗം ടുബാക്കോ, ജർദ, ഗുട്ഖ എന്നിവ നിർമ്മിക്കുന്ന യന്ത്രങ്ങളുടെ ശേഷി നിർണയിക്കുന്നതിനും ഡ്യൂട്ടി ഈടാക്കുന്നതിനുമായി പുതിയ ചട്ടങ്ങളും ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു.
പുകയില ഉൽപ്പന്നങ്ങൾക്കും, പാൻ മസാലയ്ക്കും പുതിയ സെസും എക്സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്താൻ അനുവദിക്കുന്ന രണ്ട് ബില്ലുകൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നിന്നും അംഗീകാരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുന്നത്. ‘സിൻ ഗുഡ്സ്’ വിഭാഗത്തിൽപ്പെടുന്ന പാൻ മസാല, സിഗരറ്റ്, ബീഡി പുകയില തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം.



