കിണറ്റിൽവീണ കടുവ സേഫ് ; എന്നാൽ കിണറിന്റെ ഉടമ സദാശിവന്‌ പറയാനുള്ളത്‌ നഷ്‌ടങ്ങളുടെ കണക്ക് 

ആളും ആരവവുമെല്ലാം ഒഴിഞ്ഞു. കിണറ്റിൽവീണ കടുവയെ വനപാലകർ പിടിച്ചുകൊണ്ടുപോയി സുരക്ഷിതസ്ഥാനത്ത് വിട്ടു. എന്നാൽ കടുവ ചാടിയ കിണറിന്റെ ഉടമ വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ കൊല്ലംപറമ്പിൽ സദാശിവന്‌ പറയാനുള്ളത്‌ നഷ്‌ടങ്ങളുടെ കണക്കുകളാണ്. കിണറിന്‌ വലിയ നാശമുണ്ടായി. പറമ്പിലെ കൃഷികളപ്പാടെ ആളുകൾ തിക്കിലുംതിരക്കിലും നശിപ്പിച്ചു. ഇതിന്റെ നഷ്‌ടം ഈ നിർധന കുടുംബത്തിനുണ്ടാക്കിയത്‌ വലിയ ബാധ്യതയാണ്‌. 

കിണറിലെ വെള്ളം വറ്റിച്ച്‌ കടുവയെ പുറത്തെടുക്കുന്നതിന്റെ ഭാഗമായി കിണറിന്റെ വശങ്ങളിലെ കൽക്കെട്ടാകെ തകർത്തു. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോറും, പൈപ്പുമെല്ലാം അഴിച്ചുമാറ്റി. വീടിന്‌ സമീപത്തെ കൃഷിയിടത്തിലുണ്ടായിരുന്ന ചേനയും, ചേമ്പും, കമുകുമെല്ലാം കടുവയെ കാണാൻ തടിച്ചുകൂടിയവർ ചവിട്ടി മെതിച്ച്‌ നശിപ്പിച്ചു. കൃഷിയിടമാകെ ഒരുദിവസംകൊണ്ട്‌ ഉഴുതുമറിച്ചപോലായി.  

കടുവയെ പുറത്തെടുക്കാനുള്ള ആലോചനകൾക്കൊടുവിൽ വെള്ളം വറ്റിച്ച്‌ മയക്കുവെടിവെച്ച്‌ കടുവയെ പുറത്തെടുത്ത്‌ വനപാലകർ കൊണ്ടുപോയി. കടുവയെ പുറത്തെത്തിക്കുമ്പോഴേക്കും തിക്കും ,തിരക്കും അതിന്റെ എല്ലാ സീമകളും ലംഘിച്ചിരുന്നു.  കടുവ കിണറ്റിൽവീണ വിവരം ചൊവ്വാഴ്ച രാവിലെ പുറത്തറിഞ്ഞ്‌ മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും സർവസന്നാഹങ്ങളുമായി വനപാലകരുടെയും, പോലീസിന്റെയും, അഗ്നിരക്ഷാസേനയുടെയുമൊക്കെ നീണ്ട പട എത്തുകയുണ്ടായി. കാഴ്‌ചക്കാരായി പലനാട്ടിൽനിന്ന് നൂറുകണക്കിനാളുകളും വന്നുകൂടി.  വലിയ നഷ്‌ടം സംഭവിച്ച കർഷകന്റെ കിണർ ശരിയാക്കി കൊടുക്കണമെന്നും, നശിപ്പിച്ച കാർഷിക വിളകൾക്ക്‌ നഷ്‌ടപരിഹാരം നൽകണമെന്നുമൊക്കെ ആവശ്യമുയർന്നിട്ടുണ്ട്‌. കടുവ വലയിലായതോടെ എല്ലാം അവസാനിപ്പിച്ച്‌ വനപാലകർ പോയി. സദാശിവന്‌ ദുരിതംമാത്രം ബാക്കി.

Related Articles

Back to top button