ക്രിസ്തുവിന്‍റെ അന്ത്യ അത്താഴം വികലമായി ചിത്രീകരിച്ചു… കൊച്ചി ബിനാലെ ചിത്രം വിവാദത്തിൽ

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതായി കൊച്ചി ബിനാലെക്കെതിരെ പരാതി. എറണാകുളം സ്വദേശി തോമസ് ആണ് ജില്ലാ കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയത്.
കൊച്ചി ബിനാലെയുടെ ഭാഗമായ ‘ഇടം’ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത് എന്നാണ് ആക്ഷേപം. ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബിനാലെ വേദിയിൽ പ്രതിഷേധിച്ചു.
ചിത്രം ക്രൈസ്തവ വിശ്വാസികളെ അവഹേളിക്കുന്നതാണെന്ന ആരോപണവുമായി ലത്തീൻ കാത്തലിക് അസോസിയേഷൻ രംഗത്തെത്തി. അന്ത്യ അത്താഴത്തിലെ ക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്നയായ സ്ത്രീയെയും ശിഷ്യന്മാരുടെ സ്ഥാനത്ത് കന്യാസ്ത്രീ വേഷം അണിഞ്ഞവരെയുമാണ് ചിത്രീകരിച്ചതെന്ന് ഇവർ ആരോപിച്ചു.
ലത്തീൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപതാ സമിതി പ്രസിഡന്റ് ഡാൾഫിൻ, ജില്ലാ കലക്ടർക്കും മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്ന ചിത്രത്തിന് പിന്നിൽ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്ന് അസോസിയേഷൻ ആരോപിച്ചു.
മുൻപ് ‘ഭാഷാപോഷണി’ വാരികയിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിമർശനം ഉയരുകയും തുടർന്ന് പത്രാധിപർ മാപ്പ് പറഞ്ഞ് പിൻവലിക്കുകയും ചെയ്തിരുന്നു. ചിത്രം സംബന്ധിച്ച് ബിനാലെ ഭാരവാഹികളുമായി നിരന്തരം സംസാരിച്ചിട്ടും പിൻവലിക്കാൻ തയാറായില്ലെന്ന് ലത്തീൻ കാത്തലിക് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിവാദത്തിലൂടെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ബിനാലെ നടത്തിപ്പുകാർ ആഗ്രഹിക്കുന്നതെന്ന് സംശയിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെ ഉദ്ഘാടനം ചെയ്തത്.
അതേസമയം, ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്‍റെ ചിത്രത്തിലില്ലെന്ന് ചിത്രകാരൻ ടോം വട്ടക്കുഴി പ്രതികരിച്ചു. മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്‍റെ ചിത്രമെന്നും ടോം വട്ടക്കുഴി പറഞ്ഞു.




