സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് സംഘം അറസ്റ്റ് ചെയ്തു. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽ വിവേക് മോഹന്‍റെ വീട്ടിൽ നിന്നുമാണ് പതിനാല് കിലോ കഞ്ചാവുമായി സുഹൃത്ത് വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേകി(28)നെ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ബാഗുകളിൽ പ്രത്യേക പാക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. പേയാടുള്ള ആൾത്താമസമില്ലാത്ത വീ‌ട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘം എത്തിയപ്പോഴേക്കും വീട്ടുടമ വിവേക് മോഹൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാളും മലയിൻകീഴ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മലയിൻകീഴ്, വിളപ്പിൽശാല, പൂന്തുറ, കരമന എന്നി സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവെത്തിച്ച് ചില്ലറവിൽപ്പന ന‌ടത്തുന്നവരാണിവരെന്നാണ് ഡാൻസാഫ് സംഘത്തിന്‍റെ വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഇവരെ ചോദ്യം ചെയ്യാനാണ് തീരുമാനം.

Related Articles

Back to top button