ശബരിമല സ്വർണ്ണക്കൊള്ള..പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി.. പിന്നിൽ…

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ തനിയ്ക്ക് അറിയില്ലെന്ന് ഡി മണി. മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമാണെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. ഇതാണ് എസ്ഐടിയെ ഇങ്ങനെയൊരു സംശയത്തിലേക്ക് എത്തിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.




