കുട്ടികളോട് ലൈംഗികാതിക്രമം, സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ  അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ജെയിംസ് ചെരിക്കൽ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളിൽ നിന്ന് താൽക്കാലികമായിനീക്കി. കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് കാനഡയിൽ അറസ്റ്റിലായിട്ടുള്ളത്. താമരശ്ശേരി അതി രൂപതയിലെ അംഗമാണ് ഫാദർ ജെയിംസ് ചെരിക്കൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളിൽ സേവനം ചെയ്യുകയായിരുന്നു 60കാരനായ ജെയിംസ് ചെരിക്കൽ. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാദർ ജെയിംസ് ചെരിക്കൽ.

ഡിസംബർ 18നാണ് പീൽ റീജിയണൽ പോലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്നാണ് ഡിസംബർ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയിൽ വിശദമാക്കിയത്. 1997 മുതൽ കാനഡയിൽ ടൊറന്റോ അതിരൂപതയിൽ സേവനം ചെയ്യുകയാണ് ഫാദർ ജെയിംസ് ചെരിക്കൽ.വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കൽ ജോലിചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് ജെയിംസ് ചെരിക്കല്‍ താമരശ്ശേരി രൂപതയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

അറസ്റ്റ് സ്ഥിരീകരിച്ച അതിരൂപത, കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും നിയമപരമായ എല്ലാ നടപടികളും ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും വിശദമാക്കി. മിസിസൌഗയിലെ സെന്റ് പാട്രിക്, മിസ്സിസൌഗയിലെ സെന്റ് ജോസഫ്, സ്‌കാര്‍ബറോയിലെ പ്രഷ്യസ് ബ്ലഡ്, ബ്രാംപ്ടണിലെ സെന്റ് മേരി , സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ , ബ്രാംപ്ടണിലെ സെന്റ് ആനി , മിസ്സിസൌഗയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവിടങ്ങളിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button