പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല;  ഇഡിയോട് ജയസൂര്യ

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്‌സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ലേല ആപ്പാണിത്. ആപ്പിന്‍റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടർന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്‌ദാനം ചെയ്തിരുന്നതായാണ് വിവരം. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിൽ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും,  ജയസൂര്യക്കുമിടയില്‍ നടന്ന സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കഴിഞ്ഞദിവസം  ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്‍കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാൻ കാരണം.

Related Articles

Back to top button