ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം

ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസങ്ങൾക്ക് ഇരയാവുകയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ.റഹീം എംപി. ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതാദ്യമായിട്ടല്ല. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലൂടെ റഹീം ട്രോളുകൾക്ക് ഇരയാകുന്നത്. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ ആയുധമാക്കുന്നത് പതിവാണ്. ഇന്നലെ ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോഴത്തെ ട്രോളുകൾക്ക് കാരണം.
ഈ വിഡിയോ പങ്കിട്ട് സോഷ്യൽമീഡിയിൽ പരിഹാസട്രോളുകളും കുറിപ്പുകളും സജീവമായി. കോണ്‍ഗ്രസ് സംഘപരിവാർ പേജുകൾ റഹീമിനെ ട്രോളി രംഗത്തെത്തി. ഇതോടെ വിഡിയോ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ തന്നെ റഹീം മറുപടി നൽകി. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം പറഞ്ഞു. പരിഹസിക്കുന്നവരോട് പിണക്കമില്ലെന്നും ഭാഷമെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂരിനെ നിങ്ങളുടെ സൈബർപ്പട ട്രോളുന്നില്ലേ എന്ന വാദമാണ് കോണ്‍ഗ്രസ് സൈബർ ടീം ഇടതുസൈബർ ടീമുകളോട് ചോദിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയും അത്ര മിടുക്കില്ലാതിരുന്നിട്ടും തമിഴ്നാട് മുൻ മുഖ്യമന്ത്രി കാമരാജ് ദേശീയതലത്തിൽ പൊന്നുംവിലയുള്ള നേതാവായ രാജ്യമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പുകളും സജീവമാണ്. ഏതായാലും ട്രോളുകളിൽ നോവാതെ ഭാഷ നന്നാക്കുമെന്ന റഹീമിന്റെ പോസിറ്റീവ് വൈബിനെ പ്രശംസിക്കുന്നവരെയും ഇപ്പോൾ സോഷ്യൽമീഡിയിൽ കാണാം.
ഭാഷാ പരിമിതി എന്നെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് പറയുകയാണ് എഎ റഹീം. ‘ഭാഷയുടെ പരിമിതി എന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’. ഇംഗ്ലീഷിലെ പരിമിതിയെ ഊന്നിക്കൊണ്ട് ട്രോളുന്നവരോട് എനിക്ക് വിരോധമില്ല. താനത് മെച്ചപ്പെടുത്താൻ ശ്രമിക്കും. ഞാൻ ഭാഷ മെച്ചപ്പെടുന്നതുവരെ കാത്തിരുന്നെങ്കിൽ തനിക്ക് ഹരിയാനയിലെ നൂഹിലേക്ക് എത്തിച്ചേരാൻ കഴിയില്ലായിരുന്നു. മണിപ്പൂരിലേക്ക് പോകാൻ പാര്‍ട്ടി പറയുമ്പോൾ അതിനും ഭാഷ മെച്ചപ്പെടുത്തിയിട്ട് പോകാമെന്ന് പറയാൻ തനിക്ക് കഴില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.




