പ്രതിപക്ഷ നേതാവിന്റെ തലമുറമാറ്റ പ്രസ്താവന സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്….
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തലമുറമാറ്റ പ്രസ്താവന സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. ഉദയ്പൂര്‍ സമ്മേളനത്തിന്റെ തീരുമാനം കേരളത്തില്‍ ഗൗരവമായി നടപ്പാക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഉദയ്പൂര്‍ സമ്മേളനത്തിലായിരുന്നു യുവാക്കള്‍ക്കും വനിതകള്‍ക്കും തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്കും അവസരം നല്‍കണമെന്ന തീരുമാനമുണ്ടായത്. അത് കേരളത്തില്‍ നടപ്പാക്കും എന്നത് മികച്ച തീരുമാനമാണെന്നും ജനീഷ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ മത്സരിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാന്‍ സാധിച്ചു. ഇടത് കോട്ടകള്‍ പോലും യുവാക്കള്‍ തകര്‍ത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പന്ത്രണ്ടോളം വരുന്ന സംസ്ഥാന ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. തലമുറകളുടെ സ്വാഭാവികമായ ഒഴുക്ക് നേതൃസ്ഥാനത്തേയ്ക്ക് വരണം. വിശാലമായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. അവസരങ്ങള്‍ നിഷേധിക്കപ്പെട്ട നിരവധി പേരുണ്ട്. എല്ലാവര്ക്കും അവസരം ലഭിക്കണം.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കൾക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. യുവാക്കളുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. വലിയ വിജയം നേടിക്കൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ജനീഷ് വ്യക്തമാക്കി.




