തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു; മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ

തൃശൂരിലെ മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡീ സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴും പരിഹാസം പറയുന്നതിലാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും തോറ്റിട്ടില്ല എന്ന് വിചാരിച്ചാണ് മുഖ്യമന്ത്രിയും,  സര്‍ക്കാരും ഇരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. തോൽവിയെ കുറിച്ചാണ് എൽഡിഎഫ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ട് മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ കാര്യം പറയുകയാണ്. മറ്റത്തൂരിൽ കോണ്‍ഗ്രസിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. രണ്ട് കോണ്‍ഗ്രസ് വിമതർ അവിടെ ജയിച്ചു. അതിൽ ഒരു വിമതനെ സിപിഎം പഞ്ചായത്ത് പ്രസിഡണ്ടാക്കാൻ ശ്രമിച്ചു.

മറ്റൊരു കൂട്ടർ മറ്റൊരു വിമതനെ പ്രസിഡൻറ് ആക്കാൻ പിന്തുണ കൊടുത്തു. ഇതാണ് അവിടെ സംഭവിച്ചത്. അവിടെ പാർട്ടി തീരുമാനത്തെ ലംഘിച്ചാണ് അവർ ചെയ്തത്. അതല്ലാതെ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. ബിജെപിയിലേക്ക് അവർ പോകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. ബിജെപിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ഒരു കോൺഗ്രസുകാരും ബിജെപിയിൽ പോയിട്ടില്ല.മറ്റത്തൂരിൽ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച സംഭവത്തിലാണ് വിഡി സതീശന്‍റെ പ്രതികരണം.

കോണ്‍ഗ്രസിലെ തലമുറ മാറ്റം എഐസിസിയുടെ ആവശ്യമാണെന്നും സംഘടനാപരമായി യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയും പറഞ്ഞതാണെന്നും വിഡി സതീശൻ പറഞ്ഞു. പഴയ തലമുറയിൽപ്പെട്ട ആളുകളോട് മാറിനിൽക്കാൻ അല്ല പറയുന്നത്. ഉറപ്പായും സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യമുണ്ടാകും. പാർട്ടിയെ സജീവമായി നിർത്താൻ വേണ്ടിയിട്ട് കൂടിയാണ്. പ്രായമായ ആരെയും മാറ്റിനിർത്തില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Back to top button