‘ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല’

മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് – ബിജെപി സഖ്യത്തെ പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ഇത്തരമൊരു അടിത്തറ ശക്തമായി നിലനിൽക്കുന്നതു കൊണ്ടാവാം എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണ് കോൺഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്. സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മറ്റത്തൂരിൽ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കിൽ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയിൽ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്. ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോൺഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂർ മുതൽ കുമരകം വരെ തെളിയിക്കുന്നു. സ്വരാജ് കുറിച്ചു.




