മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തിരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ

സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ അവസാന നിമിഷവും പിടിവിടാതെ ട്വിസ്റ്റുകളും വിവാദങ്ങളും. മൂപ്പൈനാട്, ചിറക്കര, അഗളി, ഉദുമ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങളാണ് ഉണ്ടായത്. അവസാന നിമിഷവും ചില അംഗങ്ങൾ കൂറുമാറിയപ്പോൾ ഭരണത്തിലെത്തിയതിലും ട്വിസ്റ്റുകൾ നിറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് പരാജയം നേരിട്ടപ്പോൾ മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ യുഡിഎഫാണ് ഭരണം പിടിച്ചത്. എൽഡിഎഫിൻ്റെ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് കിട്ടിയത്. വാർഡ് 16 കയിലിയാട് നിന്ന് ജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പ്രസിഡന്റ് ആയത്.
മൂപ്പൈനാട് പഞ്ചായത്തിൽ എൽഡിഎഫിന് അവസാന നിമിഷത്തിൽ വൻ തിരിച്ചടി നേരിട്ടു. എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. യുഡിഎഫിൽ നിന്ന് 25 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എൽഡിഎഫിന് 9, യുഡിഎഫിന് 8 അംഗങ്ങളുമായിരുന്നു. ഒരു വോട്ട് അസാധുവായതിലൂടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. യുഡിഎഫിലെ സുധ ഇവിടെ പ്രസിഡൻറ് ആയി.
ഉദുമ പഞ്ചായത്തിലും അവസാനനിമിഷം നിർണായക നീക്കങ്ങൾ നടന്നു. യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർത്ഥി ചന്ദ്രൻ നാലാം വാതുക്കലിൻ്റെ വോട്ട് അസാധുവായി. എൽഡിഎഫ്- 11, യുഡിഎഫ്-12 ആയിരുന്നു കക്ഷി നില. ഇതോടെ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായതോടെ നറുക്കെടുപ്പിൽ എൽഡിഎഫ് ജയിക്കുകയായിരുന്നു. നറുക്കെടുപ്പിൽ എൽഡിഎഫിൻ്റെ പിവി രാജേന്ദ്രൻ പ്രസിഡൻ്റായി.




