‘കാതിൽ അടക്കം പറയുന്നില്ല’; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റി; ഒറിജനൽ ദൃശ്യം പുറത്ത്

മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് ഉദ്ഘാടനച്ചടങ്ങിനായിരുന്നു പോറ്റി എത്തിയത്. താക്കോൽ കൈമാറുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സെക്രട്ടേറിയറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളിൽ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവി പിടിക്കുന്നതരത്തിൽ പുറത്തുവന്ന ഫോട്ടോ അടൂർ പ്രകാശ് പ്രചരിപ്പിക്കുന്നത് എഐ ആണെന്നും പോറ്റിയുടെ അടുത്ത് കൂടി നടന്നു പോകുന്ന മറ്റൊരു ഫോട്ടോയുടെ വിവരങ്ങൾ താമസിക്കാതെ പുറത്തുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പോറ്റിയും ഉള്ള ചിത്രം ചൂണ്ടിക്കാട്ടി ഇരുവരും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം എന്തായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ചോദിച്ചിരുന്നു. ആ ചിത്രം കണ്ടപ്പോൾ ശബരിമലയുടെ കാര്യം നിങ്ങളെ ഏൽപ്പിച്ചുവെന്നും ഇതുപോലെയുള്ള ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറയുന്നതായിട്ടാണ് തനിക്കു തോന്നിയതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രമണ്യനെതിരെ കേസ് എടുത്തിരുന്നു. സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ കോൺഗ്രസ് നേതാവ് പങ്കിട്ടത്. എന്നാൽ പിന്നീട് ഇതിൽ ഒരു ഫോട്ടോ പിൻവലിച്ചു. ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് കേസെന്നും സുബ്രമണ്യൻ പ്രതികരിച്ചു. ഒരു ഫോട്ടോ പിൻവലിച്ചത് കൂടുതൽ വ്യക്തതയുള്ള ഫോട്ടോ ഇടാനാണെന്നും സുബ്രമണ്യൻ വിശദീകരിച്ചു.

Related Articles

Back to top button