ഒരു കാട്ടുകള്ളനാണ് കൂടെ വന്നതെന്ന് അറിഞ്ഞില്ല; എനിക്ക് മുൻപ് മുഖ്യമന്ത്രിയാണ് പോറ്റിയെ കണ്ടത്, അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണുംമുമ്പ് മുഖ്യമന്ത്രി കണ്ടു. ആ സ്വകാര്യസംഭാഷണങ്ങളുടെ ചിത്രങ്ങൾ ഉണ്ട്. സോണിയാ ഗാന്ധിയെ കാണാൻ തന്നോട് കൂടി വരണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.കാട്ടു കള്ളനാണ് ഒപ്പം വന്നത് എന്ന് അറിഞ്ഞില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. 2019 ലാണ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മത്സരരംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യാദൃശ്ചികമായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കാണുന്നത്. പോറ്റി സാമൂഹിക ക്ഷേമ രംഗത്ത് ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാനായി ക്ഷണിക്കാനാണ് അയാൾ വന്നത്.
ആ പരിപാടിയിൽ താൻ മാത്രമല്ല ആറ്റിങ്ങൽ എംഎൽഎ ഉൾപ്പെടെ പങ്കെടുത്തിരുന്നു. പിന്നീട് പാർലമെൻറ് അംഗമെന്ന നിലയിൽ ശബരിമലയിൽ അന്നദാനത്തിന് ഉദ്ഘാടനം നടത്താൻ ക്ഷണിച്ചു ഒരു വിശ്വാസി എന്ന നിലയിൽ താൻ ആ കർമ്മം കൂടിനിർവ്വഹിക്കുകയുണ്ടായി. സോണിയ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി എത്തുന്ന സമയത്താണ് എം പി എന്നനിലയിൽ താനുമായി ബന്ധപ്പെടുന്നത്. സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ ഞാൻ കൂടി വരണമെന്ന് പറഞ്ഞു അങ്ങിനെയാണ് കൂടെ പോകുന്നത്. എന്നാൽ ഒരു കാട്ടുകള്ളനാണ് തനിക്കൊപ്പം വന്നതെന്ന് അറിയില്ലായിരുന്നു അത് നേരത്തെ തന്നെ മനസ്സിലായിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു. സോണിയ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിക്കുമായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.




