സത്യപ്രതിജ്ഞ ചട്ടലംഘനം; കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ പരാതി

തിരുവനന്തപുരം കോർപറേഷനിലെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനത്തിൽ കോൺഗ്രസ്,ബിജെപി കൗൺസിലർമാർക്കെതിരെ പരാതി. കാവിലമ്മയുടെയും, ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നൽകി. 20 കൗൺസിലർമാർക്കെതിരെയാണ് പരാതി. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും നഗരസഭ പാർലമെന്ററി പാർട്ടി നേതാവുമാണ് പരാതി നൽകിയത്. കാവിലമ്മയുടെയും, ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയെന്നാണ് പരാതിയിൽ പറയുന്നത്. ഗുരുദേവന്റെയും അയപ്പൻ്റെയും ആറ്റുകാലമ്മയുടെയും പേരിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇത് സത്യപ്രതിജ്ഞയിലെ ചട്ടലംഘനമാണെന്നാണ് പരാതി.
അതേസമയം നഗരസഭ ബിജെപി മേയർ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.




