‘കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരും’, പുതുവര്‍ഷത്തില്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

പുതുവര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ക്യാമ്പയിന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈബ് 4 വെല്‍നസ്സ് പ്രവര്‍ത്തങ്ങള്‍ക്ക് 4 പ്രധാന ഘടകങ്ങള്‍ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (care Well) എന്നിവയാണ് അവ. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായാണ് സമഗ്ര ബോധവല്‍ക്കരണ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന് മുന്നോടിയായി ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജനുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും. ജനുവരി ഒന്നിന് ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ഈ ക്യാമ്പയിനില്‍ എല്ലാവരുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’ ക്യാമ്പയിന് നടപ്പിലാക്കുന്നത്. പ്രായം, ലിംഗം, സാമ്പത്തിക നില എന്നിവയെ പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.




