‘ഒന്നിച്ചിരുന്ന് വീതിച്ചെടുക്കേണ്ടതാണ് പദവികൾ… ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലീഗിന് അതൃപ്തി

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുസ്ലിം ലീഗിന് അതൃപ്തി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് കത്ത് കൊടുത്തിരുന്നുവെന്നാണ് മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ വ്യക്തമാക്കുന്നത്. തങ്ങളുടെ ആവശ്യം പരിഗണക്കണമെന്ന് പറഞ്ഞിരുന്നുവെന്നും ചര്‍ച്ച നടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് മേയര്‍, ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിച്ചതില്‍ ലീഗിന് പ്രശ്‌നമുണ്ടെന്നും മുഹമ്മദ് ഷാ പറഞ്ഞു. ഇന്ന് ഡിസിസി മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി മുഹമ്മദ് ഷാ രംഗത്തെത്തിയത്.
‘മുസ്‌ലിം ലീഗുമായി ഒന്നിച്ച് തീരുമാനമെടുക്കേണ്ട സംവിധാനമാണ് യുഡിഎഫ്. ലീഗ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. നാളെ ലീഗ് യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍പ് കോണ്‍ഗ്രസ് തീരുമാനമെടുത്തത് ശരിയായ പ്രവണതയല്ല. ഒന്നിച്ചിരുന്ന് വീതിച്ചെടുക്കേണ്ടതാണ് പദവികള്‍. നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ മുഹമ്മദ് ഷാ പ്രതികരിച്ചു.




