മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്

കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്‍റിനോട് അറിയിച്ചിട്ടുണ്ടെന്നും രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? കൗൺസിലർമാരുടെ പിന്തുണയിൽ നിലവിൽ പുറത്തുവന്ന കണക്ക് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. പ്രഖ്യാപനത്തിന് മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു എന്നും ദീപ്തി പറഞ്ഞു. കൂടാതെ, ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചെന്നും ഒരു വിഷമവുമില്ല, പാർട്ടിക്ക് ഒപ്പം നില്കും. മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്. ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെ. എന്നും ദീപ്തി പറഞ്ഞു.
എന്നാല്‍ മേയർ സ്ഥാനത്തു നിന്ന് ദീപ്തി മേരി വർഗീസിനെ വെട്ടിയിരിക്കുകയാണ് എ , ഐ ഗ്രൂപ്പുകൾ. ഐ ഗ്രൂപ്പിലെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാൻ നേതാക്കൾക്കിടയിൽ ധാരണയായി. കെ പി സി സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടപടികളെന്ന പരാതിയാണ് ദീപ്തി അനുകൂലികൾ ഉന്നയിക്കുന്നത്. കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടാനുള്ള ഡിസിസി തീരുമാനമാണ് ദീപ്തി മേരി വർഗീസിൻ്റെ വഴിയടച്ചത്. രഹസ്യ വോട്ടിംഗ് വേണമെന്ന് ദീപ്തി അനുകൂലികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എ ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് പ്രസൻ്റേഷനും ഐ ഗ്രൂപ്പ് നേതാവ് എൻ.വേണുഗോപാലും പ്രതിപക്ഷ നേതാവിൻ്റെ വിശ്വസ്തനായ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും കൗൺസിലർമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെ ദീപ്തിയോട് താൽപര്യമുണ്ടായിരുന്ന കൗൺസിലർമാർ പോലും ഗ്രൂപ്പ് താൽപര്യത്തിലൂന്നി നിലപാട് പറയാൻ നിർബന്ധിതരായി. 20 കൗൺസിലർമാർ ഷൈനി മാത്യുവിനെയും 17 പേർ വി കെ മിനിമോളെയും പിന്താങ്ങി. ദീപ്തിക്ക് കിട്ടിയത് 4 പേരുടെ മാത്രം പിന്തുണയാണ്.




