മൂന്നാമൂഴത്തിൽ മത്സരിച്ച് നയിക്കുമോ പിണറായി? കെ കെ ശൈലജ വീണ്ടും മത്സരിക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റാൻ സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മൂന്നാമൂഴം ഉറപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് സിപിഐഎം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്നാണ് സിപിഐഎമ്മിൽ ധാരണയായിരിക്കുന്നത്. എന്നാൽ മത്സരരംഗത്തിറങ്ങി പിണറായി തെരഞ്ഞെടുപ്പ് നയിക്കുമോ അതോ മത്സരിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പിണറായി വിജയൻ മത്സരരംഗത്തില്ലെങ്കിൽ സിപിഐഎം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിക്കുക ആരെയാകും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് മൂന്നാമൂഴം ലക്ഷ്യമിടുന്ന സിപിഐഎം ജനപ്രിയരായ നേതാക്കളെ മത്സരരംഗത്തേയ്ക്ക് പരിഗണിക്കുമെന്ന സൂചനകളാണ് വരുന്നത്. 2021ൽ കർശനമായി നടപ്പിലാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ സിപിഐഎം വേണ്ടെന്ന് വെച്ചേക്കും. 2021ൽ സിപിഐഎം വിജയിച്ച 62 സീറ്റുകളിൽ 23 എണ്ണത്തിലും രണ്ടാം തവണയും മത്സരിച്ചവരായിരുന്നു. രണ്ട് ടേം നിബന്ധന കർശനമാക്കിയാൽ ഈ 23 പേർക്കും സിപിഐഎം ഇത്തവണ സീറ്റ് നിഷേധിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇവരില്‍ പകുതിയിലേറെപ്പേരെ എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ. അതിനാൽ തന്നെയാണ് രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ ഇത്തവണ സിപിഐഎമ്മിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ 2026ൽ മത്സരിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.




