വളകൾ ഊരിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ പ്ലയർ ഉപയോഗിച്ച് മുറിച്ചെടുത്തു.. വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർന്നത്..

മലപ്പുറത്ത് വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച. സ്വർണാഭരണം കവർന്നത് മുഖംമൂടി സംഘം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അമ്പലപ്പാടി ബൈപ്പാസിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന ചന്ദ്രമതിയുടെ (63) വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു പവന്റെ ആഭരണങ്ങളാണ് കവർന്നത്. വയോധികയെ ആക്രമിച്ചാണ് കള്ളന്മാർ മോഷണം നടത്തിയത്.

മോഷ്‌ടാക്കളെ പ്രതിരോധിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ പരിക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം എന്ന പൊലീസ് പറഞ്ഞു. വീടിന് പുറത്തു നിന്നും വലിയ ശബ്ദം കേട്ടാണ് ചന്ദ്രമതി പുറത്തിറങ്ങിയത്. കുടിവെള്ള ടാങ്കിന് മുകളിൽ തേങ്ങ വീണതാകുമെന്നാണ് കരുതിയത്. അടുക്കള വശത്തെ ലൈറ്റിട്ട് പുറത്തിറങ്ങിയ ഉടൻ തന്നെ രണ്ടു പേർ ചേർന്ന് ചന്ദ്രമതിയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി. മറ്റൊരാൾ വായ പൊത്തിപിടിച്ചു.

ഒരാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ പ്ലയർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഇതിനിടയിൽ വയോധികയെ നിലത്തേക്ക് തള്ളി വീഴ്‌ത്തിയ ശേഷം മോഷ്‌ടാക്കൾ അവിടെ നിന്നും കടന്നു കളഞ്ഞു.നിലത്ത് വീണു കിടന്ന ചന്ദ്രമതി ബഹളം വച്ചതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ആഴ്ച കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻമലയിൽ മുളകുപൊടിയുമായെത്തി അയൽവീട്ടിൽ അതിക്രമിച്ചുകയറി, ഒറ്റയ്ക്കുതാമസിക്കുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചോടിയ കേസിൽ യുവതി അറസ്റ്റിലായിരുന്നു. ചമൽ പൂവൻമല വാണിയപുറായിൽ വി.എസ്. ആതിരയെന്ന ചിന്നു(26)വിനെയാണ് എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. അയൽവാസിയായ ചമൽ പൂവൻമല പുഷ്പവല്ലി(63)യെ ആക്രമിച്ച് രണ്ടുപവൻ സ്വർണമാല പൊട്ടിച്ച് കവർന്ന കേസിലാണ് അറസ്റ്റ്.

Related Articles

Back to top button