ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതിയുടെ നിരന്തര ശല്യം മൂലം പൊലീസിൽ പരാതി നൽകി മടങ്ങുമ്പോളാണ് ഇയാൾ ഇരുവരെയും ആക്രമിച്ചത്. കഴിഞ്ഞദിവസം യുവതിയുടെ വീടിന് സമീപം ചെന്ന് ഇയാൾ ശല്യപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്നാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്.
യുവതി മകളുമായി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് വീട്ടിലേക്ക് പോകും വഴിയാണ് റോഡിൽ കാത്തുനിന്ന പ്രതി ഇരുവരെയും ആക്രമിച്ചത്. തൃക്കുന്നപ്പുഴ ശ്രീധർമ ശാസ്താക്ഷേത്രത്തിന് മുന്നിൽ വെച്ച് മോനിഷ് യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
യുവതിയുമായി വാക്ക് തർക്കമുണ്ടായ ശേഷമായിരുന്നു ആക്രമണം. കാലിൽ കുത്തേറ്റ യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് കൈയിൽ പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മോനിഷിനെതിരെ കേസെടുത്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



