ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി; ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴി പുറത്ത്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം പുരാവസ്തുക്കടത്തിലേക്കും നീങ്ങുന്നതായി സൂചന. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നുള്ള സൂചനയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് വാങ്ങിയിരിക്കുന്നത് തമിഴ്നാട് ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണെന്നും വ്യവസായി മൊഴി നല്‍കി.

2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി മൊഴി നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ എ പത്മകുമാറും എന്‍ വാസുവുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍. നിലവില്‍ രണ്ട് പേരും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി ജയിലിലാണ്. വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത്.

2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുവെച്ചായിരുന്നു പണം കൈമാറിയത്. ഡി മണി നേരിട്ടെത്തിയായിരുന്നു പണം നല്‍കിയത്. ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് പണം വാങ്ങിയതെന്നാണ് വിവരം. പണം കൈപ്പറ്റുമ്പോള്‍ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡി മണിയെ കണ്ടെത്താനാണ് എസ്‌ഐടിയുടെ തീരുമാനം. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Related Articles

Back to top button