മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്‌നേഹമെന്ന് വിമർശനം

തദ്ദേശ തിരഞ്ഞടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്‌നേഹമെന്ന് വിമർശനം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷ വിമർശനം ഉയർന്നത്. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി വേദിയിൽ എത്തിയത് തെറ്റാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. മലപ്പുറത്തിനെതിരെയും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയും വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പാർട്ടിയിൽ നേരത്തെയും വിലയിരുത്തലുണ്ടായിരുന്നു.

ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ കൈവിട്ടതിലും ബിജെപി പിടിച്ചെടുത്തതിലും മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായത്. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം കഴിഞ്ഞ ഭരണസമിതിയുടെ തെറ്റായ ഭരണംകൂടിയാണ്. കോർപ്പറേഷനിലെ തോൽവിയ്ക്ക് പ്രധാന കാരണം തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ ആരോപിച്ചു.

Related Articles

Back to top button