മുഖം മറച്ചത് ചവിട്ടി ഉപയോഗിച്ച്… കടകളിൽ കയറി മോഷണം…

കണ്ണൂർ ഇരിണാവിൽ ഷോപ്പുകളിൽ മോഷണം നടത്തിയ കള്ളനെ പിടികൂടാനാകാതെ പൊലീസ്. ഇന്നലെ രാത്രിയാണ് പ്രദേശത്തെ ഒരു ഫാൻസി ഷോപ്പിലും തൊട്ടടുത്തുള്ള പഴക്കടയിലും മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫാൻസി ഷോപ്പിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ കടയ്ക്കുള്ളിൽ കയറിയത്.

മോഷ്ടാവ് കടയിലുണ്ടായിരുന്ന 3000 രൂപ കവർന്നു. കടയുടെ പുറത്തിട്ടിരുന്ന ചവിട്ടി ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാണ് കള്ളൻ ചവിട്ടി ഉപയോഗിച്ച് മുഖം മറച്ചത്. ഫാൻസി ഷോപ്പിന് തൊട്ടടുത്തുള്ള പഴക്കടയിലും മോഷണശ്രമം നടന്നുവെങ്കിലും അവിടെ നിന്ന് സാധനങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെത്തുടർന്ന് കടയുടമകൾ പരാതി നൽകിയതിനെ തുടർന്ന് കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് പരിശോധന നടത്തുന്നത്. ‘ചവിട്ടി കള്ളനെ കണ്ടെത്താൻ പോലീസ് ഊർജിതമായ ശ്രമം തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ മലബാറിലെ പ്രമുഖ മുസ്‌ലീം തീർഥാടന കേന്ദ്രമായ കുന്ദമംഗലത്തിന് സമീപമുള്ള മടവൂർ സിഎം വലിയുല്ലാഹി മഖാമിലെ ഭണ്ഡാരം പൊളിച്ചു പണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. കുന്നുംപുറം നാട്ടുകാൽ സ്വദേശി പട്ടിക്കാടൻ മുഹമ്മദ് ഹനീഫ (43)ആണ് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴരയോടെ സിഎം വലിയുല്ലാഹിലെത്തിയ ഹനീഫ ആളുകളുടെ ആരും കാണാതെ ഭണ്ഡാരം തുറന്ന് മോഷണം നടത്തുകയായിരുന്നു.

Related Articles

Back to top button