കേരളത്തിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് പരിഹാരം; കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

കേരളത്തിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് പരിഹാരമായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ബെഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടും. ട്രെയിൻ വെള്ളിയാഴ്ച 6 30ന് കൊല്ലത്തെത്തും. മലബാർ മേഖലയിലേക്കും ട്രെയിൻ അനുവദിച്ചു. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഡിസംബർ 24 , 31തീയതികളിൽ സർവീസ് നടത്തും. 21 കോച്ചുകൾ വീതമുള്ള സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്.
ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികൾ നാട്ടിലെത്താൻ പെടാപാട് പെടുമ്പോഴും ബെംഗളൂരുവിൽ നിന്ന് റെയിൽവേ പേരിന് മാത്രമാണ് അധിക സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ 20നും 25നും ഇടയിൽ ഒറ്റ ട്രെയിൻ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. അതേസമയം കെഎസ്ആർടിസി 25ഉം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറുപത്തിയാറും ബസുകൾ അധികം പ്രഖ്യാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.




