മുസ്ലിംലീഗ് ഓഫീസ് കത്തിനശിച്ച നിലയിൽ.. എല്ലാം ചെയ്തവരെ ഒപ്പിയെടുത്ത് സിസിടിവി

ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയിൽ. ഒഴൂർ പഞ്ചായത്ത് വാർഡ് 15-ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടിന് ശേഷമാണ് സംഭവം നടന്നത്. 3.30-ഓടെയാണ് ഓഫീസ് കത്തിയവിവരം അറിഞ്ഞതെന്നും വാർഡ് 13 വെള്ളച്ചാലിലെ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം മുണ്ടക്കുറ പറഞ്ഞു.
ഓഫീസിനകത്തുള്ള ഫർണിച്ചറുകളും സ്പീക്കർ സെറ്റുകളും പൂർണ്ണമായും കത്തിനശിച്ചു. ഓഫീസിലെ ഷട്ടർ ഉയർത്തിയാണ് തീ വെച്ചതെന്ന് കരുതപ്പെടുന്നു. ജുമുഅത്ത് പള്ളിയുടെയും ഓഫീസിനടുത്തെ വീട്ടിലെയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് മൂന്ന് ആളുകൾ ചേർന്നാണ് തീവെച്ചിരിക്കുന്നതെന്നും കണ്ടെത്തി.
ഓഫീസിനടുത്ത് ഹോട്ടലും കടകളും ഉണ്ടെങ്കിലും അവയ്ക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് പൊലീസ്, മലപ്പുറം ഡിവൈഎസ്പി, താനൂർ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മലപ്പുറത്തുനിന്നും ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചു.
സംഭവത്തിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയും മുസ്ലിംലീഗ് കമ്മിറ്റിയും ശക്തിയായി പ്രതിഷേധിച്ചു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും യുഡിഎഫിന്റെ അഭൂതപൂർവമായ വിജയത്തിൽ അസൂയപൂണ്ടവരായിരിക്കാം ഇതിന് പിന്നിലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ സ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്തണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


