ഹരിപ്പാട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം രാജിവെച്ചു… രാജി വെക്കാനുള്ള പ്രധാന കാരണം…
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള സിപിഎം തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു. ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിച്ച ബിന്ദു രാജേന്ദ്രനാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്. കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി മത്സരിക്കുകയും ഒരു ജാതിസംഘടനയുടെ വക്താവായി നിലകൊണ്ട് വിജയിക്കുകയും ചെയ്ത ടി തുളസിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ പറയുന്നു. ജാതി-മത സംഘടനകള്‍ക്കെതിരെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലപാടെടുത്ത് മത്സരിച്ച തനിക്ക് അധികാരത്തിനായി മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ല. പാര്‍ട്ടി നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും ബിന്ദു രാജേന്ദ്രന്‍ ആരോപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍ആര്‍ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സ്ഥാനങ്ങളും ഇവര്‍ ഒഴിഞ്ഞു.



