തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, ധനസഹായം 6200 കോടി അനുവദിച്ചു

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യൺ ഡോളറിന്റെ ധനസഹായത്തിന് അംഗീകാരം നൽകി. രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മൾട്ടി-ഇയർ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ ‘പബ്ലിക് റിസോഴ്സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്മെന്റ്’ എന്ന പദ്ധതിക്ക് കീഴിലാണ് ഈ ഫണ്ട് റിലീസ് ചെയ്യുന്നത്. ആകെ 1.35 ബില്യൺ ഡോളർ വരെ ലഭ്യമാക്കാവുന്ന ഈ ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടമാണിത്.
ഫെഡറൽ പ്രോഗ്രാമുകൾക്ക് 600 മില്യൺ ഡോളർ, സിന്ധ് പ്രവിശ്യയിലെ വികസനത്തിന് 100 മില്യൺ ഡോളർ എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായി 47.9 മില്യൺ ഡോളറിvd]Jz ഗ്രാന്റും ലോക ബാങ്ക് അനുവദിച്ചിരുന്നു. പാകിസ്ഥാന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് ആഭ്യന്തര വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് പാകിസ്ഥാനിലെ ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗബസാർ പറഞ്ഞു.




