102-ാം വയസിൽ അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ

100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. ഇത്തവണ കുറച്ചധികം പ്രത്യേകതകളോടെയാണ് പാറുക്കുട്ടിയമ്മയുടെ ഈ മലകയറ്റം. നാടിൻറെ ആദരങ്ങൾ ഏറ്റുവാങ്ങുകയും സിനിമയിലടക്കം അഭിനയിച്ചും ഒരു സെലിബ്രിറ്റിയായിട്ടാണ് ഇത്തവണ പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തുന്നത്. 2023 നവംബറിൽ തൻറെ നൂറാം വയസിൽ കന്നി മാളികപ്പുറമായി അയ്യപ്പനെ കണ്ട പാറുക്കുട്ടിയമ്മ അതിനേക്കാൾ ഊർജത്തോടെയും, ഉത്സാഹത്തോടെയാണ് 102-ാം വയസിലും മാലയിട്ട് 41 ദിവസത്തെ വ്രതമെടുത്ത് കെട്ടുനിറച്ച് അയ്യനെ കാണാൻ കൊച്ചുമകനും, കൊച്ചുമകൻറെ മകൾക്കുമൊപ്പം കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് യാത്ര തിരിച്ചത്. ശബരിമലയാത്രക്ക് 100വർഷം കാത്തിരിക്കേണ്ടിവന്ന പാറുക്കുട്ടിയമ്മ കഴിഞ്ഞ വർഷവും മലകയറിയിരുന്നു. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് തന്റെ പ്രായത്തെയും തോൽപ്പിച്ച് ചെറുപുഞ്ചിരിയോടെ പാറുക്കുട്ടിയമ്മ ശബരിമലക്ക് പോകുന്നത്. ഇന്നലെ വയനാട്ടിലെ കോളേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് തീർഥാടനം ആരംഭിച്ച പാറുക്കുട്ടിയമ്മ നാളെ രാവിലെ സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തും.



