നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി

മലപ്പുറം തിരൂരിൽ വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി. തിരൂർ ജോയിന്റ് ആർടിഒ യുടെ സഹായത്തോടെ ഇത്തരത്തില്‍ നിരവധി പേര്‍ ലൈസൻസ് നേടിയിട്ടുണ്ടെന്നും,  ഇതിനായി ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നുമാണ്  വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മലപ്പുറം വിജിലൻസ് സി.ഐ ജ്യോതീന്ദ്രകുമാറിൻ്റെ നേതൃത്വത്തില്‍ തിരൂര്‍ ജോയിന്‍റ് ആര്‍ ടി ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരൂർ, കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിലെ ചില ഏജൻ്റ്മാരും ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ ഉടമകളുമാണ് ജോയിൻ്റ് ആർ.ടി.ഒ യുടെ സഹായത്തോടെ ആള്‍മാറാട്ടം നടത്തി ലൈസൻസ് വാങ്ങി നല്‍കിയിട്ടുള്ളത്. 

വിദേശ രാഷ്ട്രങ്ങളുടെ ലൈസൻസുള്ളവർക്ക് ഇന്ത്യയിൽ ലേണിങ് പരീക്ഷ എഴുതി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് നേടാനാവും. ഇതിന് അപേക്ഷകൻ നേരിട്ടെത്തി പരീക്ഷ എഴുതണം. എന്നാൽ തിരൂരിൽ വിദേശത്തുള്ളവര്‍ ആൾ മാറാട്ടത്തിലൂടെ മറ്റാരോ പരീക്ഷ എഴുതി ലൈസൻസുകൾ നേടിയതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇത്തരം അപേക്ഷകൾ പരിശോധിക്കുന്നതും ലൈസൻസ് അനുവദിക്കുന്നതും ജോയിൻ്റ് ആർ.ടി.ഒ യാണ്. അനധികൃതമായി ആള്‍മാറാട്ടത്തിലൂടെ ലൈസൻസ് തരപ്പെടുത്തുന്നതിന് കാൽ ലക്ഷം രൂപ വരെ ഏജൻ്റുമാർ ആവശ്യക്കാരിൽ നിന്ന് വാങ്ങിയിരുന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. നാമമാത്രമായ ഫീസ് മാത്രമാണ് ചിലവ് എന്നിരിക്കെയാണ് ഇത്ര ഭീമമായ തുക വാങ്ങിയിട്ടുള്ളത്. ഇതിൽ വലിയൊരു പങ്ക് ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്,പരിശോധന റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Articles

Back to top button