അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു…

തിരുവനന്തപുരം: അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലൻസ് കേസെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല. തടവുകാരിൽ നിന്നും പണം വാങ്ങിയതിന്‍റെ അളവ് ഇനിയും വർദ്ധിക്കുമെന്നാണ് വിജിലൻസ് റിപ്പോർട്ട്. മുമ്പും ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും ഭരണകക്ഷിയുമായി ബന്ധമുള്ള വിനോദിനെ സർക്കാർ പല വട്ടം സംരക്ഷിച്ചിട്ടുണ്ട്. വിനോദ് കുമാറിനെതിരെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയെടുക്കുന്നത് നീട്ടികൊണ്ടുപോവുകയാണ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജയിൽ ഡിഐജി വിനോദ്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. തുടര്‍ന്നാണ് കേസെടുത്തത്.വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്‍റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്‍സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്. അതേസമയം, ജയിൽ ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. വിനോദിനെ സംരക്ഷിക്കാൻ ജയിൽ വകുപ്പ് കൂട്ടുനിന്നതായുള്ള വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഡിഐജിയുടെ ചട്ടം ലംഘിച്ചുള്ള ജയിൽ സന്ദര്‍ശനങ്ങള്‍ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് മധ്യമേഖല മുൻ ഡിഐജി ജയിൽ മേധാവിക്ക് കത്തുകള്‍ നൽകിയിരുന്നു.

Related Articles

Back to top button