യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ നവമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നുമുള്ള കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ആശ്വാസം. ഇരുവർക്കും കോടതി ഉപാധികളോടെ ജാമ്യം നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷൻസ് കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. കേസിൽ, അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ അഞ്ചാം പ്രതി രാഹുൽ ഈശ്വറാണ്. പാലക്കാട് സ്വദേശിയായ ഒരു വ്ലോഗറാണ് കേസിലെ ആറാം പ്രതി.



