വാളയാറിലെ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണൻറെ ശരീരത്തിൽ 40ലധികം… പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് വാളയാറിൽ ആൾക്കൂട്ടത്തിൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശി റാം നാരായണൻറെ പോസ്റ്റ്‍മോർട്ടത്തിൻറെ പ്രാഥമിക പരിശോധന ഫലം പുറത്ത്. റാം നാരായണൻറെ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. റാം നാരായണൻറെ തല മുതൽ കാലുവരെയുള്ള ശരീരത്തിൽ 40ലധികം മുറിവുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പുറം ഭാഗം മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തിൽ ചവിട്ടിയതിൻറെയും നിലത്തിട്ട് വലിച്ചതിൻറെയും അടയാളങ്ങളും ശരീരത്തിലുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകൾ നീണ്ട കൊടുംക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം. വാളയാർ അട്ടപ്പളത്താണ് ആൾക്കൂട്ട മർദ്ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മർദ്ദിച്ചത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

Related Articles

Back to top button