യുവാവിനെ വിടാതെ പിന്തുടർന്ന് ഉപദ്രവിച്ച് സാമൂഹ്യവിരുദ്ധർ; മൂന്നാം തവണയും..

രാജാക്കാട് കൊച്ചു മുല്ലക്കാനത്ത് മൂന്നു തവണ യുവാവിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച് സമൂഹ വിരുദ്ധർ. ചൂഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്.
ഓട്ടം കഴിഞ്ഞുവന്ന് രാത്രിയിൽ അയൽപക്കത്തെ വീട്ടുവളപ്പിലായിരുന്നു രാജേഷ് ഓട്ടോറിക്ഷ പതിവായി നിർത്തിയിടുന്നത്. ഇതിന് മുൻപ് രണ്ടു തവണ ഇതേസ്ഥലത്ത് വച്ച് രാജേഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അന്ന് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിച്ചത്.
വ്യക്തി വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ പറഞ്ഞു.



