ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് പാര്‍ലമെന്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
ലോക്സഭയിൽ ഡിസംബർ 17ന് ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ അനധികൃതമായി ആർക്കും ലഭ്യമാകില്ലെന്ന് ഉറപ്പാക്കാൻ മൾട്ടി ലെയർ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ‘ഡിഫൻസ് ഇൻ ഡെപ്ത്’ എന്ന തത്വത്തിലധിഷ്ഠിതമായ ഈ സംവിധാനത്തിൽ വിവരങ്ങൾക്ക് പല തലങ്ങളിലുള്ള സുരക്ഷാ കവചങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.




