വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലായിരുന്നു സംഭവം. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെയാണ് സുബീഷിന് ഷോക്കേറ്റത്. സംഭവത്തെ തുടർന്ന് സുബീഷ് പോസ്റ്റിൽ നിന്ന് തെറിച്ച് വീണു.
ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ നാട്ടുകാരും മറ്റ് ജീവനക്കാരും ചേർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി മുൻകൂട്ടി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
സംഭവ സ്ഥലത്ത് വച്ച് തന്നെ സുബീഷ് മരണപ്പെട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.



