മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു, അപകടത്തിൽ ദുരൂഹത സംശയിക്കുന്നതായി മന്ത്രി

മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ഈ  അപകടമുണ്ടായത്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ ദുരൂഹത സംശയിക്കുന്നതായി മന്ത്രി മാധ്യമങ്ങളോട്  പറഞ്ഞു. ‘ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൊലീസിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.’ സജി ചെറിയാൻ പ്രതികരിച്ചു.

 ചെങ്ങന്നൂരിലെ ഗസ്റ്റ് ഹൗസില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാല്‍ മുതല്‍ മൂന്നേകാല്‍ വരെ കരണ്ട് പോയിരുന്നു. അആ സമയത്ത് എന്തെങ്കിലും ഉണ്ടായോ എന്ന സംശയമുണ്ട്. പൊലീസ് സിസിടിവി പരിശോധിക്കുമെന്നും മന്ത്രി  കൂട്ടിച്ചേർത്തു.   ഔദ്യോഗിക വാഹനമായതിനാല്‍ ഗസ്റ്റ്ഹൗസിലാണ് വെച്ചിരുന്നത്. അവിടെ നിന്നാണ് ഞാന്‍ രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വെഞ്ഞാറമൂട് എത്തിയപ്പോഴേക്കും ഞാന്‍ ഇരുന്ന ഭാഗത്തെ ടയര്‍ ഊരി തെറിച്ച് പോയി. വലിയ ദുരന്തം ഉണ്ടാകാവുന്ന സാഹചര്യമാണ് ഒഴിവായത് മന്ത്രി പറഞ്ഞു. 

Related Articles

Back to top button