അയാൾ വെല്ലുവിളിക്കുന്നതെന്തിനാണ്.. എനിക്കെതിരായ കേസിൽ ഞാൻ തെളിവുകൾ ഹാജരാക്കുമല്ലോ?…

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയാൾ വെല്ലുവിളിക്കുന്നതെന്തിനാണ്. എനിക്കെതിരായ കേസിൽ ഞാൻ തെളിവുകൾ കോടതിയിൽ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശൻ ചോദിച്ചു.
തെളിവുകൾ കോടതിയിൽ ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസു കൊടുത്തപ്പോൾ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടതിയിൽ കേസ് നടക്കുമ്പോൾ അപ്പോഴല്ലേ തെളിവ് നൽകേണ്ടത്. അതു തുടങ്ങിയിട്ടില്ലല്ലോ. തെളിവു ഹാജരാക്കിക്കൊള്ളാമെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. കടകംപള്ളിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. ദ്വാരപാലകശിൽപം ആർക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്നത്തെ ആളുകൾക്കെല്ലാം അറിയാമായിരുന്നു എന്ന് കോടതിയാണ് പറഞ്ഞത്. എന്തായാലും ദ്വാരപാലക ശിൽപ്പം വാങ്ങിച്ചത് ഒരു കോടീശ്വരനായിരിക്കുമല്ലോ?. പാവപ്പെട്ട ആർക്കും അതു വാങ്ങാൻ കഴിയില്ലല്ലോ. ഇങ്ങനെയൊരു കച്ചവടം നടത്തി, എന്നിട്ട് വ്യാജ ദ്വാരപാലക ശിൽപ്പം ഉണ്ടാക്കിയാണ് ചെന്നൈയ്ക്ക് കൊടുത്തു വിട്ടത്. അന്നത്തെ കാലത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. അവിടെ നടന്നത് അദ്ദേഹം അറിയേണ്ടേയെന്നും വിഡി സതീശൻ ചോദിച്ചു.
ദേവസ്വം ബോർഡ് അംഗങ്ങൾ എന്ന് പറയുന്നത് രാഷ്ട്രീയ നിയമനമാണ്. പത്മകുമാർ സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്നയാളാണ്. സിപിഎം നിയമിച്ച ആളുകൾ അവിടെ ചെയ്യുന്നത് മന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഉണ്ണികൃഷ്ണൻ പോറ്റിയെ അവിടേക്ക് പറഞ്ഞുവിട്ടതും അദ്ദേഹമാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിക്കോളാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.



