നാഷണല്‍ ഹെറാള്‍ഡ് കേസ്; കോടതി ഇടപെടല്‍ നരേന്ദ്രമോദിയുടെയും, അമിത് ഷായുടെയും മുഖത്തേറ്റ അടിയെന്ന് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു. കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഖര്‍ഗെ എല്ലായ്‌പ്പോഴും സത്യം ജയിക്കുമെന്നും പറഞ്ഞു. കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മുഖത്ത് ഏറ്റ അടിയെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസ് ഇഡിയുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കേസ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ നിയമവിരുദ്ധമായി ഉപയോഗിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ആയിരുന്നുഇതെന്നും അദ്ദേഹം പറഞ്ഞു.




