സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ..കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്ഐയ്ക്കെതിരെ നടപടി

പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്ഐയ്ക്കെതിരെ നടപടി. വിദ്യാനഗര്‍ എസ്ഐ അനൂപിനെ സ്ഥലം മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. വാഹന ഉടമയായ പത്തൊന്‍പതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
കാസര്‍കോട് ചെര്‍ക്കളയില്‍ ഈ മാസം ഏഴിനായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വ്യാജ കേസാണ് ചുമത്തിയതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. സ്കൂട്ടര്‍ നിര്‍ത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടര്‍ന്ന്, സഹോദരന് മാത്രം തിരികെ വന്ന് സ്കൂട്ടറിനടുത്ത് നില്ക്കുന്ന സമയത്താണ് അതുവഴി പൊലീസ് വാഹനം എത്തിയത്.
പൊലീസ് ജീപ്പ് എത്തിയപ്പോള്‍ സ്കൂട്ടറില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഓടിച്ചതെന്ന് കരുതി സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിട്ടും കേള്‍ക്കാന്‍ പൊലീസ് തയാറായില്ല.
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദക്കെതിരെ കേസെടുത്തത്. ഇതോടെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കള്ളക്കേസാണെടുത്തതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.




