റബ്ബർ വില കുത്തനെ ഇടിഞ്ഞു; സീസണിലെ ഏറ്റവും കുറഞ്ഞ നിരക്ക്

റബ്ബറിൻ്റെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. നാലാം ഗ്രേഡ് റബ്ബറിന് ഇപ്പോൾ 179 രൂപയും തരംതിരിക്കാത്ത റബ്ബറിന് 174 രൂപയുമാണ് വില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൂടുതൽ കർഷകർ ഉത്പ്പന്നം വിപണിയിലേക്ക് എത്തിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് വ്യാപാര കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയിൽ നിന്ന് 200 രൂപയായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, താങ്ങുവിലയും റബ്ബർ ബോർഡ് നിശ്ചയിച്ച മാർക്കറ്റ് വിലയും തമ്മിലുള്ള വ്യത്യാസം (ഇൻസെന്റീവ്) കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ ബോർഡ് ഇതുവരെ ആരംഭിച്ചിട്ടില്ല. കർഷകരിൽ നിന്ന് വിൽപ്പന ബില്ലുകൾ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ സൈറ്റ് പോലും തുറന്നിട്ടില്ല.

സാധാരണയായി, കർഷകരുടെ കൃഷിഭൂമി കണക്കാക്കി നിശ്ചിത കിലോ റബ്ബറിൻ്റെ ബില്ലുകൾ സംഘങ്ങൾ വഴി മാസം രണ്ടു തവണ സ്വീകരിക്കുകയും അന്നത്തെ മാർക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം ഇൻസെന്റീവായി നൽകുകയുമാണ് പതിവ്. താങ്ങുവില വർദ്ധിപ്പിച്ചതിനെ കർഷകർ ആശ്വാസത്തോടെ കണ്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാർ നടപടികൾ മന്ദഗതിയിലാകുമോ എന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

മുൻ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ 200 രൂപ നിരക്കിലുള്ള പണം കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ റബ്ബർ ബോർഡ് തുടങ്ങിയിട്ടില്ല. ആവശ്യമായ തുക സർക്കാർ കൈമാറിയിട്ടില്ലെന്നാണ് ഇതിന് നൽകുന്ന വിശദീകരണം.

Related Articles

Back to top button