വിദേശത്തുനിന്നെത്തി, പിന്നാലെ കാണാതായി; യുവാവിനെ 2 ദിവസത്തിന് ശേഷം ചതുപ്പിൽ കണ്ടെത്തി

വിദേശത്തുനിന്നെത്തി കാണാതായ യുവാവിനെ രണ്ട് ദിവസത്തിനുശേഷം ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) യാണ് എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തിയത്. ദുബായിൽനിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.

ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ബുധനൂർ പഞ്ചായത്ത് അംഗം രാജേഷ് ഗ്രാമത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ഇതിൽ ബൈക്കിൽ യാത്ര ചെയ്ത വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്നതായി കണ്ടെത്തി. തുടർന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പിൽ ബൈക്കും സമീപത്ത് അവശനിലയിൽ വിഷ്ണുവിനെയും കണ്ടെത്തിയത്. ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button