ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ

വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ല. വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവർണര്‍ സുപ്രീംകോടതിക്കെതിരെ സംസാരിച്ചത്.
ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്നം. എന്തിനാണ് സേർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു




